1 ദിനവൃത്താന്തം 16 : 1 (MOV)
ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1 ദിനവൃത്താന്തം 16 : 2 (MOV)
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
1 ദിനവൃത്താന്തം 16 : 3 (MOV)
അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
1 ദിനവൃത്താന്തം 16 : 4 (MOV)
അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
1 ദിനവൃത്താന്തം 16 : 5 (MOV)
ആസാഫ് തലവൻ; രണ്ടാമൻ സെഖർയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
1 ദിനവൃത്താന്തം 16 : 6 (MOV)
പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
1 ദിനവൃത്താന്തം 16 : 7 (MOV)
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:
1 ദിനവൃത്താന്തം 16 : 8 (MOV)
യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
1 ദിനവൃത്താന്തം 16 : 9 (MOV)
അവന്നു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
1 ദിനവൃത്താന്തം 16 : 10 (MOV)
അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
1 ദിനവൃത്താന്തം 16 : 11 (MOV)
യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
1 ദിനവൃത്താന്തം 16 : 12 (MOV)
അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
1 ദിനവൃത്താന്തം 16 : 13 (MOV)
അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
1 ദിനവൃത്താന്തം 16 : 14 (MOV)
അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
1 ദിനവൃത്താന്തം 16 : 15 (MOV)
അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
1 ദിനവൃത്താന്തം 16 : 16 (MOV)
അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
1 ദിനവൃത്താന്തം 16 : 17 (MOV)
അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
1 ദിനവൃത്താന്തം 16 : 18 (MOV)
ഞാൻ നിനക്കു അവകാശമായി കനാൻ ദേശത്തെ തരും എന്നു കല്പിച്ചു.
1 ദിനവൃത്താന്തം 16 : 19 (MOV)
നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
1 ദിനവൃത്താന്തം 16 : 20 (MOV)
അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
1 ദിനവൃത്താന്തം 16 : 21 (MOV)
ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:
1 ദിനവൃത്താന്തം 16 : 22 (MOV)
എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
1 ദിനവൃത്താന്തം 16 : 23 (MOV)
സർവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
1 ദിനവൃത്താന്തം 16 : 24 (MOV)
ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.
1 ദിനവൃത്താന്തം 16 : 25 (MOV)
യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
1 ദിനവൃത്താന്തം 16 : 26 (MOV)
ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.
1 ദിനവൃത്താന്തം 16 : 27 (MOV)
യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
1 ദിനവൃത്താന്തം 16 : 28 (MOV)
ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;
1 ദിനവൃത്താന്തം 16 : 29 (MOV)
യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
1 ദിനവൃത്താന്തം 16 : 30 (MOV)
സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
1 ദിനവൃത്താന്തം 16 : 31 (MOV)
സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
1 ദിനവൃത്താന്തം 16 : 32 (MOV)
സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
1 ദിനവൃത്താന്തം 16 : 33 (MOV)
അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
1 ദിനവൃത്താന്തം 16 : 34 (MOV)
യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
1 ദിനവൃത്താന്തം 16 : 35 (MOV)
ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
1 ദിനവൃത്താന്തം 16 : 36 (MOV)
യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
1 ദിനവൃത്താന്തം 16 : 37 (MOV)
ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
1 ദിനവൃത്താന്തം 16 : 38 (MOV)
ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവൽക്കാരായും നിർത്തി.
1 ദിനവൃത്താന്തം 16 : 39 (MOV)
പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
1 ദിനവൃത്താന്തം 16 : 40 (MOV)
അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു
1 ദിനവൃത്താന്തം 16 : 41 (MOV)
ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
1 ദിനവൃത്താന്തം 16 : 42 (MOV)
അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവൽക്കാർ ആയിരുന്നു;
1 ദിനവൃത്താന്തം 16 : 43 (MOV)
പിന്നെ സർവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
❮
❯